Kerala
കൊച്ചി: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിൽ ഡീൽ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തിയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ദുരൂഹതയുണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം-ബിജെപി ധാരണപായുണ്ട്. വരും ദിവസങ്ങളിൽ അത് കൂടുതൽ വ്യക്തമാകും. കോൺഗ്രസിലെ സ്ഥാനാർഥി നിർണയം വൈകിയിട്ടില്ല.
മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെല്ലാം കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും മറ്റെല്ലാ നേതാക്കളുടെയും സ്ഥാനാർഥികളാണ്. മത്സരിക്കാൻ സീറ്റ് കിട്ടിയവർക്ക് അവസരം നൽകി. സീറ്റ് കിട്ടാത്തവരെ സർക്കാർ വരുമ്പോൾ കൃത്യമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Kerala
കാഞ്ഞിരപ്പള്ളി: താങ്ങുവില കർഷകന്റെ അവകാശമാക്കി മാറ്റണമെന്ന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ എംപി. ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന്‍ കാര്‍ണിവല്‍ - കൈക്കോട്ടും ചിലങ്കയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താങ്ങുവില ആരുടെയും ഔദാര്യമല്ല, അവകാശമാക്കി മാറ്റണം. കൃഷിക്കാരനെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കുണ്ട്. കൃഷിക്കാരനെ കടക്കെണിയില്‍നിന്ന് രക്ഷിക്കാനുള്ള ചിന്ത സര്‍ക്കാരിനുണ്ടാകണം.
കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു മനസിലാക്കി അതിനെ എങ്ങനെ തരണം ചെയ്യാമെന്നു മനസിലാക്കി വേണം താങ്ങുവില നല്‍കേണ്ടത്. നിരവധിയായ കര്‍ഷക പ്രശ്നങ്ങളില്‍ കര്‍ഷകരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച ധീരമായ നിലപാടുകളായിരുന്നു ഇന്‍ഫാം നടത്തിയത്.
കൃഷിക്കാരന് സ്വാഭിമാനം നല്‍കാനും യഥാര്ഥമയ അധ്വാനശേഷിയെ ഉയര്‍ത്തിക്കാട്ടാനും ബഹുമുഖമായ പോരാട്ടങ്ങള്‍ ഇന്‍ഫാം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 വർഷമായി കർഷകരുടെ കണ്ണീരിനും കിനാവിനും ഒപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് ഇൻഫാം.
കപ്പയ്ക്ക് 15 രൂപയായി വില ഇടിഞ്ഞപ്പോൾ, 25 രൂപയ്ക്ക് സംഭരിച്ച് ഉണക്കക്കപ്പയാക്കി വിപണിയിൽ ഇടപെട്ട ഇൻഫാമിന്റെ മാതൃക ഇടനിലക്കാരായ ലോബികൾക്കുള്ള മറുപടിയായിരുന്നു. കേരളത്തിന്റെ കാർഷിക പുരോഗതിയിൽ ക്രൈസ്തവ സഭകളും കുടിയേറ്റ കർഷകരും നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണെന്നും, തരിശുഭൂമികളെ പൊന്നുവിളയുന്ന മണ്ണാക്കി മാറ്റിയത് ഇവരാണെന്നും അദ്ദേഹം അനുസ്മരിച്ചു.
Kerala
കാസര്‍ഗോഡ്: ചരക്കുസേവന നികുതി വകുപ്പ് ചെറുകിട കച്ചവടക്കാരെ പീഡിപ്പിക്കുന്ന വിഭാഗമായി മാറിയെന്നും നികുതിഘടന ഏകീകരിക്കുന്നതിനും സുതാര്യമാക്കുന്നതിനും പകരം ദ്രോഹിക്കുന്ന തലത്തിലേക്കാണ് വകുപ്പിന്റെ പോക്കെന്നും കെ.സി. വേണുഗോപാല്‍ എംപി. ബേക്കല്‍ ഗേറ്റ് വേയില്‍ നടന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാനതല റീട്ടെയില്‍ കോണ്‍ക്ലേവ്-2.0 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒന്നോ രണ്ടോ കുത്തക മുതലാളിമാരല്ല രാജ്യത്തിന്റെ ആവശ്യം. ഓരോ ഗ്രാമങ്ങളിലും ഒട്ടേറെ കുടുംബങ്ങള്‍ക്ക് അത്താണിയാകുന്ന ചെറുകിടക്കാരാണ് വേണ്ടത്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍ 80 ശതമാനവും കുത്തകകളുടേതാണ്.
സംസ്ഥാനത്തെ കച്ചവടക്കാരുടെ ന്യായമായ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പം നില്ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വരുമെന്നും വ്യാപാരി സമൂഹത്തിന്റെ പിന്തുണയും സഹായവും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇങ്ങോട്ടു സഹായിച്ചാല്‍ തിരിച്ചും സഹായിക്കുന്നവരാണ് വ്യാപരികളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, കെ. അഹമ്മദ് ഷെരീഫ്, പി. കുഞ്ഞാവ് ഹാജി, കെ.വി. അബ്ദുള്‍ ഹമീദ്, എം.കെ. തോമസ്കുട്ടി, പി.സി. ജേക്കബ്, എ.ജെ. ഷാജഹാന്, ബാബു കോട്ടയില്‍, സണ്ണി പയ്യമ്പിള്ളില്‍, ബാപ്പു ഹാജി, വൈ. വിജയന്, സി. ധനേഷ് ചന്ദ്രന്, ജോജിന്‍ ടി. ജോയി, വി. സബില്‍ രാജ്, സലീം രാമനാട്ടുകര, എസ്.ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ക്ലേവ് ഇന്നു സമാപിക്കും.
Kerala
ആലപ്പുഴ: എ.കെ. ബാലന്റെ പ്രസ്താവന പച്ച വര്‍ഗീയതയാണെന്നും സിപിഎമ്മിന്റെ നിരാശയില്‍ നിന്നുണ്ടായതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ആലപ്പുഴ നഗരസഭയിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സഹായത്തോടെയാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും സ്വന്തം തോല്‍വിക്ക് കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നതിനു പകരം സമൂഹത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആലപ്പുഴയില്‍ എസ്ഡിപിഐയുടെ സഹായത്തോടെ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം നേടാന്‍ സിപിഎം പരസ്യമായ നടപടിയെടുത്തു. എന്നിട്ടാണ് അവര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തര മന്ത്രിയെന്ന് തിരിച്ചു പറയുന്നത്. കോണ്‍ഗ്രസ് ഒരു വര്‍ഗീയ ശക്തികളുമായും സഖ്യമുണ്ടാക്കിയിട്ടില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Kerala
പാലക്കാട്: വന്ദേമാതര ഗാനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രചാരണങ്ങളിൽ ഒരു ആത്മാർഥതയുമില്ലെന്ന് അവരുടെ പ്രവർത്തനം പരിശോധിച്ചാൽ വ്യക്തമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പാലക്കാട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് ശാഖകളിൽ വന്ദേമാതരം ആലപിക്കാറില്ല.
ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ദേമാതരത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണു ബിജെപിയുടേത്. കെസി പറഞ്ഞു.
Kerala
കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ പ്രവർത്തനം സംബന്ധിച്ച് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥലവും സമയവും നിശ്ചയിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവ് കെ.സി. നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്താണ് മുഖ്യമന്ത്രി സംവാദത്തിന് തയാറാണെന്ന് അറിയിച്ചത്.
അതിദാരിദ്രമുക്ത സംസ്ഥാനമായതിന്റെ പേരിൽ കേരളത്തിന്റെ റേഷൻ വിഹിതം മുടക്കാൻ യുഡിഎഫ് എംപിമാർ പാർലമെന്റിൽ അനാവശ്യ ചോദ്യമുന്നയിച്ചെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് കൊണ്ട് കേരളത്തിലെ എഎവൈ കാർഡുകൾ ഇല്ലാതാക്കാൻ പറ്റുമോ എന്നാണ് യുഡിഎഫ് എപിമാർ നോക്കുന്നത്. കേരള വിരുദ്ധതയാണ് ഇവരുടെ മനസിലുള്ളത്. പാർലമെന്റിൽ കുനിഷ്ഠ ചോദ്യം ചോദിക്കാൻ വലിയ ആവേശമാണ്. എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനുമാണ് കുനിഷ്ഠ് ചോദ്യം പാർലമെന്റിൽ ചോദിച്ചത്.
മുണ്ടക്കൈ ദുരിതത്തിൽ കേന്ദ്രത്തിന് കേരള വിരുദ്ധതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പ എഴുതി തള്ളാനുള്ള വ്യവസ്ഥ തന്നെ കേന്ദ്രം എടുത്തു കളഞ്ഞു. അടുത്ത മാസം മുണ്ടക്കൈ ടൗൺഷിപ്പ് പൂർത്തിയാകും. ദുരിത ബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമിക്കേണ്ടബാധ്യത അവർക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിട്ടതല്ല പ്രശ്നം ഇക്കാര്യം ഒളിച്ചുവച്ചതാണ് പ്രശ്നമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത് സിപിഎം ബിജെപി - ഡീലാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോൺ ബ്രിട്ടാസ് ഇടനില നിന്നതെന്നും കെ.സി പറഞ്ഞു.
പാർലമെന്റിൽ ഏത് വിഷയമാണ് യുഡിഎഫ് എംപിമാർ ഉന്നയിക്കാത്തതെന്ന് പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി നിൽക്കുമെന്നും എന്നാൽ ഡീലിന് കൂട്ടുനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കള്ളംപറയരുത്. സംവാദത്തിന് തയാറാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണെങ്കിൽ കോൺഗ്രസിൽനിന്ന് പുറത്താക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
മറ്റൊരു പാർട്ടിയും ചെയ്യാത്ത നടപടിയാണ് ഇക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. സിപിഎമ്മിന് ചിന്തിക്കാൻ പോലുമാവാത്ത നടപടിയാണിതെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
കൊച്ചി: ഇഡിയും സിബിഐയും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഉന്നം വയ്ക്കാനുള്ള ഏജന്‍സികളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അവരെത്ര കേസെടുത്താലും പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എഫ്ഐആര്‍ ഇടാനുള്ള നടപടി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര അന്വേഷണ ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കൂട്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ഒരു ഭാഗം പിടിക്കുകയാണ്. പൗരന്മാരുടെ വോട്ട് മാറ്റാനുള്ള ബിജെപിയുടെ എക്സര്‍സൈസാണ് എസ്ഐആര്‍. കേരളത്തിലത് സിപിഎം ചെയ്യുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണം കൊള്ളയടിച്ച കേസിൽ സിപിഎമ്മിലെ ഉന്നതർ അടക്കം അറസ്റ്റിലായിട്ടും ബിജെപി സമരരംഗത്തു സജീവമാകാത്തതു സിപിഎം- ബിജെപി ഡീലിന്റെ ഭാഗമായിട്ടാണെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
വിശ്വാസത്തിന്റെ പേരിൽ കോണ്‍ഗ്രസിനു മേൽ കുതിരകയറുന്ന ബിജെപിക്കാരെ ഇപ്പോൾ മഷിയിട്ട് നോക്കിയിട്ട് പോലും കാണാനില്ല. പ്രതികരണവുമില്ല. പി.കെ. ഗുരുദാസൻ എക്സൈസ് മന്ത്രിയായിരിക്കേ സിപിഎം നിയോഗിച്ച പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു.
പാർട്ടി പറയുന്നതിന് അനുസരിച്ചാണ് വാസു പ്രവർത്തിച്ചത്. അന്നു പിണറായി വിജയനായിരുന്നു സിപിഎം സെക്രട്ടറി. എൻ. വാസുവിന്റെ ഗോഡ്ഫാദർമാർ ഉൾപ്പെടെയുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതു വരെ കോണ്‍ഗ്രസിന് വിശ്രമമില്ല.
വാസു സിപിഎം ബാനറിൽ മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇപ്പോൾ വെറും ഉദ്യോഗസ്ഥനായി മാത്രമാണ് പാർട്ടി സെക്രട്ടറി ചിത്രീകരിക്കുന്നത്. ദേവസ്വം ബോർഡിനെ കമ്മിഷൻ അടിക്കുന്ന മറ്റു കോർപ്പറേഷൻ ബോർഡുകളെപ്പോലെയാണ് പിണറായി സർക്കാർ കണ്ടതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: പുകൾപെറ്റ കേരളത്തിന്റെ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കി മാറ്റിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽഎംപി.
സർക്കാർ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കൊണ്ട് നാലുദിവസത്തിനിടെ രണ്ടു വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച ഹൃദ്രോഗിയായ വേണുവിന്റെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിനു പിന്നാലെയാണ്, എസ്എടി ആശുപത്രിയിൽ പ്രസവം കഴിഞ്ഞ ശിവപ്രിയയെന്ന യുവതിയുടെ മരണം. ഇവ രണ്ടും സർക്കാർ സ്പോണ്‍സേർഡ് കൊലപാതകങ്ങളാണ്.
വേണുവും ശിവപ്രിയയും ആരോഗ്യവകുപ്പിന്റെ അനാസ്ഥയുടെ രക്തസാക്ഷികളാണ്. എസ്എടി ആശുപത്രിയിൽ നിന്നുണ്ടായ ഗുരുതര അണുബാധയാണ് മരണകാരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. പിജി ഡോക്ടർമാരെ ചികിത്സിക്കാൻ വിട്ടശേഷം സീനിയർ ഡോക്ടർമാർ പുലർത്തിയ നിസംഗത ജീവനെടുക്കാൻ കാരണമായെന്നും വേണുഗോപാൽ പറഞ്ഞു.